Zygo-Ad

ഇലക്‌ട്രിക് ഡിറ്റനേറ്റര്‍ വായില്‍ തിരുകിക്കയറ്റിയ ശേഷം വൈദ്യുതി കയറ്റിവിട്ടു; പകയായത് ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു വരാൻ ദർശിത തയ്യാറാകാതിരുന്നത്:- സിദ്ധരാജു


കണ്ണൂർ: കണ്ണൂർ ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുര വീട്ടില്‍ സുഭാഷിന്റെ ഭാര്യ ദർശിത (22) കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ദർശിതയെ ക്രൂരമായി മർദ്ദിച്ച്‌ അവശയാക്കിയ ശേഷമാണ് കാമുകൻ സിദ്ധരാജു (22) കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദമ്പതികളെന്ന വ്യാജേനയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. 

ഗള്‍ഫുകാരനായ ഭർത്താവിനെ ഉപേക്ഷിച്ച്‌ തനിക്കൊപ്പം താമസിക്കണം എന്നായിരുന്നു സിദ്ധരാജുവിന്റെ ആവശ്യം. എന്നാല്‍, കാമുകന്റെ ആവശ്യം അംഗീകരിക്കാൻ യുവതി തയ്യാറായില്ല. ഇതോടെയാണ് സിദ്ധരാജു യുവതിയെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനമേറ്റ് അവശയായ ദർശിതയുടെ കൈകള്‍ ഇയാള്‍ പുറകില്‍ തോർത്തുപയോഗിച്ച്‌ കെട്ടി. തുടർന്ന് ഇലക്‌ട്രിക് ഡിറ്റനേറ്റർ വായില്‍ തിരുകിക്കയറ്റിയ ശേഷം വൈദ്യുതി കയറ്റി വിടുകയായിരുന്നു. 

സ്വിച്ച്‌ ഓണ്‍ ചെയ്ത ശേഷം ഇയാള്‍ മുറിയുടെ ഒരുവശത്ത് മാറി നിന്നു. എന്നാല്‍, പൊട്ടിത്തെറിക്കിടെ ചോര ഇയാളുടെ ശരീരത്തിലും വസ്ത്രത്തിലും തെറിക്കുകയായിരുന്നു. 

തുടർന്ന് ഷർട്ട് മാറ്റി ശരീരത്തിലുള്ള ചോര കഴുകി വൃത്തിയാക്കാനാണ് ഇയാള്‍ മുറിവിട്ട് പുറത്തേക്കു പോയത്. മൊബൈല്‍ ചാർജർ പൊട്ടിത്തെറിച്ചാണ് മരണമെന്നു വരുത്തിത്തീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഭക്ഷണം വാങ്ങി തിരിച്ചെത്തിയ സിദ്ധരാജു മുറിയുടെ വാതില്‍ തുറക്കാനാകുന്നില്ലെന്നു പറഞ്ഞാണ് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചത്. തുടർന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കട്ടിലില്‍ ചോര പുരണ്ട നിലയില്‍ ദർശിതയുടെ മൃതദേഹം കണ്ടത്. 

പെട്ടെന്ന് മൃതദേഹമെടുത്ത് ആശുപത്രിയില്‍പ്പോകാൻ ശ്രമിച്ച സിദ്ധരാജുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. 

മുറി പരിശോധിച്ച പൊലീസിന് ചോരപുരണ്ട സിദ്ധരാജുവിന്റെ ഷർട്ട് ലഭിച്ചു. ഇതോടെയാണ് കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മുറിയിലുണ്ടെന്ന് പൊലീസിന് മനസ്സിലായത്.

എന്നാല്‍, ഇലക്‌ട്രിക് ഡിറ്റനേറ്റർ പൊട്ടിത്തെറിച്ച ശബ്ദം പുറത്തു കേട്ടിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാർ പറഞ്ഞു. സിദ്ധരാജുവിന്റെ സ്വഭാവത്തില്‍ സംശയം തോന്നി.

 ഇയാള്‍ പെട്ടെന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമിച്ചത്. അതിനാലാണ് പോലീസിനെ ഉടൻ വിവരമറിയിച്ചതെന്നും ഹോട്ടല്‍ ജീവനക്കാർ പറഞ്ഞു.

ദർശിതയുടെ ഭർത്താവ് ഗള്‍ഫിലാണ്. നിരവധി തവണ ദർശിതയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സിദ്ധരാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭർത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാൻ യുവതി തീരുമാനിച്ചിരുന്നു. 

താൻ ഗള്‍ഫിലേക്ക് പോകും മുമ്പ് കടംനല്‍കിയ പണമെല്ലാം തിരികെ വേണമെന്ന് യുവതി സിദ്ധരാജുവിനോട് പറഞ്ഞിരുന്നു. ഇതും യുവാവിന്റെ മനസ്സില്‍ പകയായി. ഇതോടെയാണ് കാമുകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

അതേ സമയം കാണാതായ സ്വർണവും പണവും സംബന്ധിച്ച്‌ ദുരൂഹത തുടരുകയാണ്. കല്യാട്ടെ ഭർത്താവിന്റെ വീട്ടില്‍ നിന്നും 30 പവൻ സ്വർണവും നാലു ലക്ഷം രൂപയുമായാണ് യുവതി കർണാടകയിലേക്ക് പോയതെന്നാണ് നിഗമനം. 

മരുമകള്‍ സ്വർണവും പണവുമായി കടന്നു കളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭർത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയ വിവരം അറിയുന്നത്.

വീടു പൂട്ടി പോയത് ദർശിതയാണ്. തിരിച്ചു വന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വർണവും മോഷണം പോയതായി അറിയുന്നത്. 

അപ്പോള്‍ തന്നെ ദർശിതയെ വിളിച്ചെന്നും രണ്ടു മൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദർശിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവർ പറയുന്നു.

 പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാർ പറയുന്നു.

ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ല. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. 

ഹാർഡ്‍‌വെയർ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കർണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊൻസൂർ സ്വദേശിയാണ് ദർശിത. 

മകളെ വീട്ടില്‍ നിർത്തിയ ശേഷമാണ് സാലി ഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനു മുൻപും പലതവണ സിദ്ധരാജു ദർശിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് 30 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകള്‍ ദർശിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. 

ദർശിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർശിത ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.

മോഷണക്കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

കർണാടകയിലേക്ക് പോയ ദർഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദർശിതയുടെ മേല്‍ സംശയം ഉയർന്നത്. ഇതിനു പിന്നാലെയാണ് ദർശിത കൊല്ലപ്പെട്ട വിവരം കർണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്.

അതേ സമയം, കോടതി റിമാൻഡുചെയ്ത സിദ്ധരാജു ഇപ്പോള്‍ മൈസൂരു ജില്ലാ ജയിലിലാണ്. ഭർത്താവിന്റെ വീട്ടില്‍ നിന്ന് നാലു ലക്ഷം രൂപയും 30 പവനും ദർശിത കവർന്ന സംഭവത്തില്‍ സിദ്ധരാജുവിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഈ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

Previous Post Next Post