Zygo-Ad

വന്ദേ ഭാരത് കടന്നുപോകുന്നതിനിടെ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ വച്ച സ്കൂൾ വിദ്യാ‌ര്‍ത്ഥികള്‍ പിടിയില്‍


കണ്ണൂർ: റെയില്‍പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ വച്ച സ്കൂള്‍ വിദ്യാ‌ർത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചു പേരെയാണ് സംഭവത്തില്‍ ആർ.പി.എഫ് പിടികൂടിയത്.

ഇതിൽ ആർ.പി.എഫ് കേസെടുത്ത് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ വിട്ടയച്ചു.

കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ പന്നേൻപാറക്കടുത്തായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നു പോവുകയും ചെയ്തു. 

തുടർന്ന് ലോക്കോപൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ പാളത്തിന്റെ പരിസരത്തായി വിദ്യാർത്ഥികളുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വിദ്യാർത്ഥികള്‍ കുറ്റസമ്മതം നടത്തി.

ട്രാക്കില്‍ കല്ലുകള്‍ വച്ച്‌ മാറി നില്‍ക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നു പോകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാ‌ർത്ഥികള്‍ പറഞ്ഞത്. 

സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച്‌ ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാ‌ർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ ജൂലായ് 12നും സമാന രീതിയില്‍ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയില്‍ റെയില്‍പാളത്തില്‍ കല്ലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകും മുമ്പാണ് ട്രാക്കില്‍ ചെറുകല്ലുകള്‍ നിരത്തി വച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് പാളത്തില്‍ സിമന്റ് കട്ട വച്ച സംഭവവും ഉണ്ടായിരുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ജില്ലയില്‍ ഉണ്ടായിരുന്നതിനാല്‍ അന്ന് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു.

Previous Post Next Post