കണ്ണൂർ: സ്വകാര്യ ബസില്‍ നിന്നും കണ്ടക്ടറെ മർദിച്ച യാത്രികൻ അറസ്റ്റില്‍. വധശ്രമം ഉള്‍പെടെ 20 കേസുകളില്‍ പ്രതിയായ ഇരിക്കൂർ പൈസായി സ്വദേശി കെ.ടി.സാജിദിനെയാണ് (39) കണ്ണൂർ ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 7.10ന് കണ്ണൂർ താവക്കര യുപി സ്കൂളിനടുത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം.
ഇരിട്ടി-കണ്ണൂർ റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറായ കോളിത്തട്ട് സ്വദേശി കെ.എം. രജീഷ് കുമാറിനാണ് (28) മർദനമേറ്റത്. മട്ടന്നൂരില്‍ നിന്നു ബസില്‍ കയറിയ സാജിദ് ചാലോടേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.
അവിടെ ഇറങ്ങാൻ പറഞ്ഞപ്പോള്‍ ഇറങ്ങാതെ ബസില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മില്‍ വാക് തർക്കമുണ്ടായി.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡില്‍ എത്തിയപ്പോള്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങാൻ പറഞ്ഞതാണ് മർദനത്തിന് കാരണമായി പരാതിയില്‍ പറയുന്നത്.