തളിപ്പറമ്പ് : തളിപ്പറമ്പ് മുള്ളൂരില്‍ വൻ കവർച്ച.അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവർച്ച നടത്തിയതായി പോലീസിൽ പരാതി നൽകി.
പട്ടുവം മുള്ളൂല്‍ അരിയില്‍ കോളനിക്ക് സമീപത്തെ ദേവ് നിവാസിസില്‍ കെ.എൻ.രൂപേഷ്ബാബുവിന്റെ ഭാര്യ പി.കെ.സീമയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുകാർ ജൂലായ്-31 ന് വൈകുന്നേരം വീട് അടച്ച് കോട്ടയത്തെ ബന്ധു വീട്ടില്‍ പോയതായിരുന്നു. ആഗസ്റ്റ്-11 ന് രാവിലെ 10.30 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ മുൻഭാഗത്തെ വാതില്‍ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച മൂന്ന്പവൻ സ്വർണ്ണാഭരണങ്ങളും 50 ഗ്രാം വെള്ളിയാഭരണങ്ങളും പൂജാമുറിയില്‍ സൂക്ഷിച്ച 1000 രൂപ വിലമതിക്കുന്ന ഓട്ടുരുളിയും അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ച 10,000 രൂപയും ഉള്‍പ്പെടെ മോഷ്ടിക്കുകയായിരുന്നു.
വീട്ടിനകത്തെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. സ്വർണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോയെന്ന സംശയമുള്ളതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് വീട്ടുകാർ പറഞ്ഞു.
ലോക്കർ താക്കോൽ ഉള്‍പ്പെടെ കള്ളൻ കൊണ്ടു പോയതിനാല്‍ ബാങ്ക് നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ച് ഇന്നാണ് ലോക്കർ തുറന്ന് സ്വർണ്ണാഭരണങ്ങള്‍ വീട്ടിലെ അലമാരയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ഉറപ്പു വരുത്തിയത്.
തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ വീടിന് സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. 300 മീറ്റർ അകലെയുള്ള പറപ്പൂല്‍ റോഡിലായിരുന്നു മോഷണം. 10,000 രൂപയോളം ഇവിടെ നിന്ന് മോഷണം പോയതായാണ് വിവരം.
