പയ്യന്നൂർ: പയ്യന്നൂർ അമ്പലം - തെരു റോഡരികിലെ ഇടറോഡില്‍ വച്ച് പാചകവാതക ഏജൻസി ജീവനക്കാരനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് 2,05,400 രൂപ കവർന്നതായി പരാതി.
ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറല്‍ ബാങ്ക് റിട്ട. ജീവനക്കാരനുമായ സി.കെ. രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിപ്പറിച്ചത്.
ശനിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. ഗ്യാസ് ഏജൻസി ഓഫീസിലെ കളക്ഷൻ തുക വൈകീട്ട് രാമകൃഷ്ണൻ വീട്ടിലേക്ക് വരുമ്ബോള്‍ കൊണ്ടുവരാറാണ് പതിവ്.
ഇത് അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകും വഴി വീടിനു സമീപത്തുള്ള ഇടറോഡില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
ബൈക്കിലെത്തിയ ആക്രമികളില്‍ ഒരാള്‍ ഹെല്‍മെറ്റും രണ്ടാമൻ മാസ്കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. അടുത്തെത്തി കഞ്ചാവു വില്പനയാണ് തനിക്ക് പണി അല്ലേ എന്ന് ചോദിക്കുകയും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ബലമായി ബാഗിനുള്ളിലെ പണം എടുത്ത ആക്രമികള്‍ കുറച്ച് ദൂരെ വെച്ച ബൈക്കില്‍ കയറി കടന്നു കളയുകയായിരുന്നു. പിന്തുടർന്നോടിയ രാമകൃഷ്ണനെ ഇവർ തള്ളിവീഴ്ത്തി. വീഴ്ചയില്‍ കല്ലില്‍ തലയിടിച്ച് രാമകൃഷ്ണന് പരിക്കേറ്റു. പയ്യന്നൂർ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കവർച്ചക്കാർ എത്തിയത് ആസൂത്രിതമായി
പയ്യന്നൂർ: സ്കൂട്ടറില്‍ യാത്ര ചെയ്തയാളെ വീട്ടിലെത്താനായപ്പോള്‍ ഇടവഴിയില്‍ തടഞ്ഞുനിർത്തി ആക്രമിച്ച് 2,05,400രൂപ കവർന്ന സംഭവം നാടിനെയാക്കെ ഭീതിയിലാക്കി.
തികച്ചും ഗ്രാമീണ അന്തരീക്ഷമുള്ള ടൗണില്‍ നിന്നും മാറി ബഹളങ്ങളൊന്നുമില്ലാത്ത പയ്യന്നൂർ അമ്പലം-തെരു റോഡിലാണ് സംഭവം. ആക്രമിക്കപ്പെട്ട മഹാദേവ ഗ്രാമത്തിലെ സി.കെ. രാമകൃഷ്ണന്റെ വീട് സംഭവ സ്ഥലത്തിന് തൊട്ടടുത്താണ്.
ഇവിടെയുള്ള ഇടവഴിയില്‍ നിന്നും ഓടി പ്രധാന റോഡിലേക്കാണ് കവർച്ചക്കാർ എത്തിയത്. മൂന്നാമനായ ആള്‍ സ്ഥല നിരീക്ഷണം നടത്തി ബൈക്കിനരികില്‍ തന്നെ നില്ക്കുകയായിരുന്നു.
പിടിച്ചു പറിച്ച പണവുമായി ഓടിയ കവർച്ചക്കാർക്ക് പിറകെ ഓടിയെത്തിയ രാമകൃഷ്ണനെ ഇവർ തള്ളി വീഴ്ത്തി. കല്ലില്‍ തലയിടിച്ചാണ് രാമകൃഷ്ണന് മുറിവേറ്റത്. പൊടുന്നനെയുള്ള ആക്രമണത്തില്‍ എന്തുചെയ്യണം എന്നറിയാതെ പകച്ച നിലയിലായിരുന്നു രാമകൃഷ്ണൻ.
റോഡു വഴി വന്ന ബൈക്ക് യാത്രികനാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ ആദ്യം കാണുന്നത്. ഉടൻ പരിസരവാസികളും നാട്ടുകാരും ഓടിക്കൂടി.
വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസും സ്ഥലത്തെത്തി. അമ്പലം റോഡിലൂടെ പയ്യന്നൂർ ബികെഎം ജങ്ഷൻ ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. മൂന്നു പേർ പോകുന്നത് കണ്ടതായി രാമകൃഷ്ണൻ തന്നെ പറയുന്നുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടൻ റോഡുകളിലും ഇടവഴികളിലുമെല്ലാം പരിശോധന നടത്തി. പോലീസും റോന്തു ചുറ്റിയെങ്കിലും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു.
കവർച്ചക്കാർ പോയ വഴികളിലെ സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. സ്ഥിരമായി ഗ്യാസ് ഏജൻസിയിലെ പണവുമായി സ്കൂട്ടറില്‍ വരുന്ന രാമകൃഷ്ണനെ നിരീക്ഷിച്ച ശേഷം ആസൂത്രിതമായി നടത്തിയ കവർച്ചയാണിതെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ പയ്യന്നൂർ റൂറല്‍ ബാങ്കില്‍ കളക്ഷൻ ഏജന്റായിരുന്നു രാമകൃഷ്ണൻ.
വിരമിച്ച ശേഷമാണ് അന്നപൂർണ ഗ്യാസ് ഏജൻസിയില്‍ ജോലിക്ക് കയറിയത്. അക്രമികളില്‍ ഒരാളെ പയ്യന്നൂർ ടൗണില്‍ കണ്ട് മുഖ പരിചയമുള്ളയാളാണെന്ന് രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.
ഇത് മാത്രമാണ് കവർച്ചക്കെത്തിയവരെക്കുറിച്ചുള്ള ഒരേയൊരു സൂചന. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് അടുത്താണ് കവർച്ച നടന്ന സ്ഥലം. അമ്പല പരിസരത്തെ റോഡു വഴിയാണ് കവർച്ചക്കാർ രക്ഷപ്പെട്ടതും.
