കണ്ണൂർ: കണ്ണൂർ കീഴറയിലെ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി.
2016 മാർച്ചില്‍ പൊടിക്കുണ്ടില്‍ ഇരുനില വീട്ടില്‍ നടന്ന സ്ഫോടന കേസിലെ പ്രതിയാണ് അനൂപ് മാലിക്കെന്ന് പൊലീസ് പറഞ്ഞു. പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 6 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിരുന്നു.
17 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. അന്നുണ്ടായത് 4 കോടി രൂപയില്‍ ഏറെ നഷ്ടമാണ്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളും അടക്കം നാലു പേർക്ക് കാര്യമായി പരിക്കേറ്റിരുന്നു.
ഈ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ നടന്നു വരികയാണ്. അനൂപിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മകള്‍ അടക്കമുള്ള ആളുകള്‍ അനൂപ് മാലിക്കാണ് സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
2016ല്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ അനൂപ് മാലിക്കും സുഹൃത്ത് റാഹിലയും സഹായിയും അടക്കം മൂന്നു പേർ ആണ് കേസില്‍ പ്രതികള്‍ ആയത്. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇടത് സർക്കാർ ഒരു കോടിയോളം രൂപ നഷ്ട പരിഹാരം നല്‍കി. എന്നാല്‍ നഷ്ടം നാലു കോടിയും കവിഞ്ഞു എന്നായിരുന്നു പരാതി.
ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് കണ്ണൂർ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടില്‍ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളിലെ ജനല്‍ച്ചില്ലുകളും വാതിലുകളും തകർന്നു. ചിന്നിച്ചിതറിയ നിലയിലാണ് സംഭവ സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേ സമയം, അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് ഇവിടെ പടക്ക നിർമാണം നടന്നതെന്നാണ് വിവരം.
സ്ഫോടനത്തില്‍ അയല്‍വാസി മാധവിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർന്ന നിലയില്‍
ഗോവിന്ദൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. സ്ഫോടനത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
'വീടിനു പുറകു വശത്ത് ഒരാളുടെ മൃതശരീരം കണ്ടു. മരിച്ചോ എന്നറിയില്ല. ശരീരത്തിനു മുകളില്‍ മണ്ണ് വീണു കിടക്കുന്നുണ്ട്.
താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാര്‍ വരുന്നത്. വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
വീട്ടില്‍ ഇരുചക്ര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്.
വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. ഓടിട്ട വീടാണ്. ബോംബ് പോലുള്ള വലിയ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും അതാണ് വീട് ഇങ്ങനെ തകര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍.
സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.