കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് 20 ദിവസത്തെ പരോള്‍ അനുവദിച്ചു. ഇയാള്‍ നിലവില്‍ കഴിയുന്ന കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.
അസുഖ ബാധിതനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുബീഷ് നേരത്തെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ജയില്‍ അധികൃതർ 20 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സുബീഷ് ഉള്‍പ്പെടെയുള്ള പത്ത് പ്രതികള്‍ക്കാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
വിധി വന്ന് അധികം വൈകാതെ ജനുവരി 21 ന് സുബീഷ് പരോള്‍ അപേക്ഷ നല്‍കി. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് ഒരു മാസം തികയും മുൻപാണ് ഇവരുടെ അപേക്ഷകള്‍.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബവും രംഗത്തെത്തിയിരുന്നു.
പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
സിബിഐ കോടതി അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കുറ്റകൃത്യം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.