കണ്ണൂർ താണയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ വീണ്ടും ജീവനെടുത്തു. കണ്ണൂർ കൂത്തുപറമ്പില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടില്‍ സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേ സമയം കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയില്‍ ഇന്നലെ ഒരു ജീവൻ പൊലിഞ്ഞിരുന്നു.
കുറ്റ്യാടി മരുതോങ്കര സ്വദേശി താഴത്തെ വളപ്പില്‍ അബ്ദുല്‍ ജലീലിന്റെ മകൻ അബ്ദുല്‍ ജവാദ് ആണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനല്‍ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്.
കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.
തെറ്റായ ദിശയില്‍ അമിത വേഗതയില്‍ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.