Zygo-Ad

പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ

 

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. ഇന്ന് പുലർച്ചെയാണ് റവാഡ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്.

എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗമാണ് ആദ്യ ഔദ്യോഗിക പരിപാടി. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങൾ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.


Previous Post Next Post