കണ്ണൂർ: കണ്ണൂരിൽ യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ഫാത്തിമാസിൽ നിഹാദ് മുഹമ്മദി (35) നെയാണ് ടൗൺ എസ്.ഐമാരായ അനുരൂപ്, ദീപ്തതി എന്നിവർ അറസ്റ്റു ചെയ്തത്.
മട്ടന്നൂർ, വളപട്ടണം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലായി നിഹാദ് മുഹമ്മദിനെതിരെ പത്തോളം മയക്കുമരുന്നു കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഏറ്റവുമൊടുവിൽ പാപ്പിനിശ്ശേരി സ്വദേശിനിയായ അനാമിക എന്ന യുവതിക്കൊപ്പമാണ് നിഹാദ് അറസ്റ്റിലായത്. നാലിൽ കൂടുതൽ മയക്കുമരുന്നു കേസുകളിൽ പ്രതികളായവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.