കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുർഗ സ്കൂളിന് സമീപം താമസിക്കുന്ന പടന്നക്കാട് എസ്.എൻ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക സിന്ധു വീരമലക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 10:15 ഓടെയായിരുന്നു സംഭവം.
കൊടക്കാട് സ്കൂളില്‍ പരിശീലനത്തിന് പോയ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ പോവുകയായിരുന്ന സിന്ധുവിന്റെ കാറിന് നേരെയാണ് മണ്ണിടിഞ്ഞത്.
മണ്ണിടിയുന്നത് കണ്ടയുടൻ സിന്ധു കാർ പരമാവധി വലതു വശത്തേക്ക് ഒതുക്കിയെങ്കിലും മണ്ണിന്റെ ഒരു ഭാഗം കാറിന്റെ മുൻഭാഗം പൂർണ്ണമായി മൂടി. ഇതോടെ എൻജിൻ ഓഫായി.
ഇടിഞ്ഞു വന്ന മണ്ണ് കാറിനെ അല്‍പദൂരം മുന്നോട്ട് തള്ളിനീക്കി. ഭാഗ്യം കൊണ്ട് സമീപത്തെ കുഴിയിലേക്ക് മറിയാതെ രക്ഷപ്പെട്ടു. അപകടം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് സിന്ധു പറഞ്ഞു.
മണ്ണിടിയുന്ന സമയത്ത് കാറിന് 25 മീറ്റർ മുന്നില്‍ ഒരു ബൈക്ക് യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. അയാള്‍ മണ്ണിനടിയില്‍പ്പെട്ടോ എന്ന് വ്യക്തമല്ല. മറ്റ് വാഹനങ്ങളൊന്നും സമീപത്തുണ്ടായിരുന്നില്ല.
സിന്ധു കാർ ഒതുക്കിയില്ലായിരുന്നെങ്കില്‍ കൂടുതല്‍ മണ്ണും ചെളിയും കാറിന് മുകളിലേക്ക് വീഴുമായിരുന്നുവെന്ന് അപകടം ആദ്യം കണ്ട സമീപത്തെ ഹോട്ടല്‍ ഉടമ രൂപേഷ് പറഞ്ഞു.
രൂപേഷ് അടക്കമുള്ള നാട്ടുകാരാണ് സിന്ധുവിനെ കാറില്‍ നിന്ന് പുറത്തിറക്കിയത്. ഷിരൂർ മോഡല്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് കാസർഗോഡ് വാർത്തയടക്കമുള്ള മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമീപവാസികളും ഇങ്ങനെയൊരു ദുരന്തം ഏത് സമയത്തും ഉണ്ടാകാമെന്ന് ഭയപ്പെട്ടിരുന്നു.
മലയോട് ചേർന്ന് കോണ്‍ക്രീറ്റ് ഭിത്തി നിർമ്മിച്ചതു കൊണ്ടാണ് വലിയൊരു അപകടം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. അല്ലാത്തപക്ഷം വലിയ ദുരന്തം സംഭവിക്കുമായിരുന്നു.
ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നത് വലിയ ദുരന്തം ഒഴിവാകാൻ പ്രധാന കാരണമായി.
കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഡ്രോണ്‍ പരിശോധനയിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘവും അപകട സാധ്യത വിലയിരുത്തിയെങ്കിലും നിർമാണ കമ്പനി ഇത് പരിഹരിക്കാൻ ശ്രമങ്ങള്‍ സ്വീകരിച്ചിരുന്നില്ല.
തൊട്ടടുത്ത മട്ടലായി കുന്നിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിന് കുന്നിൻ ചെരുവില്‍ തട്ട് തിരിച്ച് പാർശ്വ ഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് ഉറപ്പില്ല. അപകടമുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാൻ മാത്രമാണ് ഇത് സഹായിക്കുക.