Zygo-Ad

കെ. സുധാകരൻറെ ചിത്രമില്ലാത്ത പോസ്റ്റർ വിവാദത്തിന് പിന്നാലെ പുതുക്കിയ പോസ്റ്ററുമായി കോൺഗ്രസ്


 കണ്ണൂർ ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'സമര സംഗമം' എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉള്‍പ്പെടാത്തതിനെത്തുടർന്ന് ഉയര്‍ന്ന വിവാദം തുടരുമ്പോൾ,Congress പാർട്ടി പുതിയ പോസ്റ്ററുമായി രംഗത്തെത്തി. പുതിയ പോസ്റ്ററില്‍ കെ. സുധാകരന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

സുധാകരന്റെ സ്ഥിരം സഹയാത്രികയും അനുയായിയുമായ ജയന്ത് ദിനേശ് ഫേസ്ബുക്കില്‍ കുറിപ്പെഴുതി തന്റെ അതൃപ്തി തുറന്നുകാട്ടിയതോടെയാണ് വിഷയത്തിന് രാഷ്ട്രീയ തീവ്രത ലഭിച്ചത്. പിന്തുണയുമായി സുധാകരൻ അനുകൂലികളും സോഷ്യൽ മീഡിയയില്‍ രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ പോസ്റ്റർ പുറത്തിറക്കിയത്. പരിപാടി ജൂലൈ 14-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കാനിരിക്കെയാണ് ഈ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

വിവാദമായ ആദ്യ പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

പോസ്റ്റർ വിഷയത്തിൽ പുതിയ നീക്കത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ ഒതുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് പാർട്ടി ഇപ്പോള്‍ നടത്തുന്നത്.

Previous Post Next Post