Zygo-Ad

ബന്ധുത്വം ചമഞ്ഞ് വിശ്വസിപ്പിച്ച് വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവർന്ന കണ്ണൂരുകാരൻ കോഴിക്കോട് പിടിയില്‍


കണ്ണൂർ: അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവർന്നയാൾ കോഴിക്കോട് പിടിയില്‍.

വളപട്ടണം മന്ന മായിച്ചാന്‍കുന്നില്‍ അലീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് താഹ (51)യെയാണ് ടൗണ്‍ എസ്‌ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സ്ത്രീകളും പ്രായമായവരും മാത്രമുള്ള വീടുകളിലാണ് പ്രതി തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം തളാപ്പിലെ വൃദ്ധ ദമ്പതിമാരുടെ ഒരു പവന്‍ മോതിരം പ്രതി കൈക്കലാക്കി രക്ഷപ്പെട്ടു. വി.വി.രാധാകൃഷ്ണന്റെ പരാതി പ്രകാരം ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് പോലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് പ്രതി വീട്ടിലേക്കെത്തിയത്. നിങ്ങളുടെ അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീട്ടിലേക്കെത്തിയത്.

എന്നാല്‍ ഇങ്ങനെയൊരു ബന്ധുവിനെ അറിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും മറന്നുപോയതാകാമെന്ന ആശ്വാസവാക്കാണ് പ്രതി പറഞ്ഞത്. താന്‍ ജൂവലറി നടത്തുന്നയാളാണെന്നും നിരവധി പുതിയ മോഡല്‍ മോതിരം കടയിലുണ്ടെന്നും എന്നാല്‍ പഴയ മോഡലിനാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്നും അതുകൊണ്ട് നിങ്ങളുടെ കൈ വിരലിലെ മോതിരം ഒന്ന് കാണിച്ച്‌ ഫോട്ടോ എടുക്കാനാണ് എത്തിയതെന്നും പ്രതി ദമ്പതിമാരെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതേത്തുടര്‍ന്ന് ഇരുവരുടെയും അരപ്പവന്‍ വീതമുള്ള വിവാഹ മോതിരം അഴിച്ച്‌ നല്‍കി. ഇതിനിടയില്‍ ദമ്പതിമാരുടെ മകന്‍ വീട്ടിലെത്തി. മോതിരം കൈക്കലാക്കിയതോടെ പ്രതി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 

മകന്‍ പിന്തുടര്‍ന്നെങ്കിലും പിടിക്കാനായില്ല. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ലോഡ്ജില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇതിന് മുന്‍പും സമാനമായ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 

2023-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസ് ഉള്‍പ്പെടെ വിവിധ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Previous Post Next Post