Zygo-Ad

പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു

 


പയ്യന്നൂർ: പേവിഷബാധയുടെ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.

മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.

മുഖത്ത് കടിയേറ്റതിനാലാണ് വാക്സിൻ നല്‍കിയിട്ടും പേ വിഷബാധയുണ്ടാവാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാലന്റെ കണ്ണിന് സമീപത്തും മറ്റും കടിയേറ്റിരുന്നു. 

ഇതിലൂടെ വൈറസ് പെട്ടെന്ന് തലച്ചോറിലെത്തിയതാണ് വിഷബാധക്ക് കാരണമായത്. കാലുകളിലോ കൈകളിലോ ആണ് കടിയേറ്റതെങ്കില്‍ വാക്സിൻ നല്‍കിയാല്‍ വിഷബാധയേല്‍ക്കാനുള്ള സാധ്യത വിരളമാണ്. 

28 ദിവസമെടുത്ത് നാലു തവണയായാണ് വാക്സിൻ നല്‍കി വരുന്നത്. ഈ നാലു ഡോസ് പൂർണമായും നല്‍കിയാല്‍ മാത്രമെ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുയുള്ളു.

എന്നാല്‍, കഴുത്തിന് മുകളില്‍ കടിയേറ്റാല്‍ 28 ദിവസത്തിനകം വൈറസ് തലച്ചോറിലെത്തുന്നതാണ് സ്ഥിതി ഗുരുതരമാവാൻ കാരണമാവുന്നത്. കഴിഞ്ഞ 18നാണ് കണ്ണൂർ പയ്യാമ്ബലത്ത് പേവിഷബാധയേറ്റ നിലയില്‍ തമിഴ്നാട് സ്വദേശിയായ ബാലനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 

നായയുടെ കടിയേറ്റ കുട്ടിക്ക് വാക്സില്‍ നല്‍കിയിട്ടും വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂരില്‍ ഏതാനും ദിവസങ്ങളായി 60 ഓളം പേരെ നായ കടിച്ചിരുന്നു. ഈ സന്ദർഭത്തില്‍ തന്നെ വാക്സിൻ സ്വീകരിച്ചിട്ടും രോഗലക്ഷണം കണ്ടെത്തുകയും ഗുരുതരമായി തുടരുകയും ചെയ്യുന്നത് നാട്ടുകാരില്‍ ഭീതിയുളവാക്കുന്നു.

Previous Post Next Post