കണ്ണൂർ: വിവിധ രൂപത്തിലും വ്യത്യസ്ത രീതികളിലും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ ദിനംപ്രതി തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ.
ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകി ചൊക്ലി സ്വദേശിയുടെ 1,46,408 രൂപ കഴിഞ്ഞ ദിവസം തട്ടിയെടുത്തു. പ്രതികളുടെ നിർദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയെങ്കിലും നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
ടെലിഗ്രാം ട്രേഡിങ് ചെയ്യുന്നതിന് പ്രതികളുടെ നിർദേശ പ്രകാരം നിക്ഷേപിച്ച കൂത്തുപറമ്പ് സ്വദേശിയുടെ 95,157 രൂപ നഷ്ടമായി. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ചക്കരക്കൽ സ്വദേശിയുടെ 57,715 രൂപ തട്ടിപ്പ് സംഘം തട്ടിയെടുത്തു.
സ്വകാര്യ ബാങ്കിന്റെ അന്തർ ദേശീയ ട്രാൻസാക്‌ഷൻ ഓൺ ചെയ്ത് ആമസോൺ പർച്ചേസ് നടത്തിയ മുണ്ടയാട് സ്വദേശിക്ക് 24,176 രൂപ നഷ്ടമായി.
ഇലക്ട്രിക്കൽ സാധനങ്ങൾ വില്പന നടത്തുന്ന കണ്ണൂർ സിറ്റി സ്വദേശി യുവാവിനോട് ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ച് സാധനങ്ങൾ ഓർഡർ ചെയ്തു. എന്നാൽ പണം അയക്കാൻ പറ്റുന്നില്ലെന്നും ആയതിനാൽ ഒരു രൂപ തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പണം അയച്ച് കൊടുത്ത യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 75,152 രൂപ നഷ്ടമായി.