കണ്ണൂർ: കണ്ണൂർ കോടല്ലൂരിൽ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. കോടല്ലൂർ മുഹയ്ദ്ദൂൻ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് തകർത്തത്. റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം. ഇന്ന് പുലർച്ചെയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. കഴിഞ്ഞ വർഷവും കവർച്ച നടന്നതിനെ തുടർന്ന് രണ്ട് പൂട്ട് ഘടിപ്പിച്ചിരുന്നു. രണ്ട് പൂട്ടും തകർത്താണ് മോഷണം.
കോൾതുരുത്തി പാലത്തിന് സമീപമാണ് കോടല്ലൂർ മുഹയ്ദുൻ ജുമാമസ്ജിദ്. ഇന്നലെ രാത്രിയാണ് ഇവിടുത്തെ ഭണ്ഡാരം തകർത്തത്. രാവിലെ നിസ്കാരത്തിന് എത്തിയവരാണ് ഭണ്ഡാരത്തിന്‍റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. നഷ്ടപ്പെട്ട പണം എത്രയെന്ന് വ്യക്തതയില്ല. എല്ലാ മാസവും ഭണ്ഡാരം തുറന്ന് കമ്മിറ്റി ഭാരവാഹികൾ പണം എടുക്കാറുണ്ട്. രണ്ടായിരത്തോളം രൂപയാണ് ശരാശരി ഓരോ മാസവും ഉണ്ടാകാറുളളത്. എന്നാൽ കഴിഞ്ഞത് റംസാൻ കാലമായതിനാൽ സംഭാവനയായി എത്തിയ വലിയ തുക മോഷണം പോയെന്നാണ് നിഗമനം