കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും തുക നഷ്ടമായത്. മാനഹാനിയോർത്തു പരാതി നൽകാത്തവരുടെ നഷ്ടം കൂടി കണക്കാക്കുമ്പോൾ 250 കോടി രൂപയെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം.
പണംനഷ്ടമാകുന്നവർതന്നെ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണു പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തട്ടിപ്പിനിരയായി സൈബർ പൊലീസിന്റെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ പരാതിപ്പെട്ടാൽ പണം തിരിച്ചുപിടിക്കാൻ പൊലീസിനു സാധിക്കുമെന്നിരിക്കെ പലരും പരാതിപ്പെടാൻ തയാറാകുന്നില്ല.
ബാങ്ക് ഉദ്യോഗസ്ഥർ, ഐടി ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ എന്നിങ്ങനെയുള്ളവരാണു തട്ടിപ്പിനിരയാകുന്നവരിൽ അധികവും. മാനഹാനിയോർത്ത് ഇവർ പരാതിപ്പെടാൻ തയാറാകാറില്ല.കഴിഞ്ഞ കൊല്ലം ഏറ്റവുമധികം തട്ടിപ്പു നടന്നത് എറണാകുളത്താണ്. സിറ്റിയിൽ 768 കോടിയും റൂറലിൽ 109 കോടിയും. തൊട്ടുപിന്നാലെയുള്ള കോഴിക്കോട് ജില്ലയിലെ സിറ്റിയിൽ 451, റൂറലിൽ 108 കോടി എന്നിങ്ങനെയാണു കണക്ക്