കണ്ണൂർ: രാപ്പകല്‍ ഭേദമില്ലാതെ നാല്‍ക്കാലികളുടെ നിയന്ത്രണത്തിലായി കണ്ണൂർ നഗരം. കാല്‍നടയാത്രക്കാർക്കും വാഹന യാത്രികർക്കും വലിയ ദുരിതമുണ്ടാക്കിയാണ് ഇവയുടെ വിഹാരം.
കളക്ടറേറ്റ് പരിസരം, സ്റ്റേഡിയം പരിസരം, പ്രസ്സ് ക്ളബ് റോഡ്, കോർപ്പറേഷൻ പരിസരം, മുനീശ്വരൻ കോവില്‍ റോഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരം,എല്‍.ഐ.സി റോഡ് എന്നിങ്ങനെ നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിർബാധം പശുക്കള്‍ മേഞ്ഞുനടക്കുകയാണ് കണ്ണൂരില്‍.
ബർണ്ണശ്ളേരി, കണ്ണൂർ സിറ്റി, ആയിക്കര, ജില്ല ആശുപത്രി റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കൂട്ടത്തോടെയാണ് ഇവ ഇറങ്ങുന്നത് . രാത്രി കാലങ്ങളില്‍ റോഡില്‍ കിടക്കുന്നതും റോഡ് കടക്കുവാൻ ശ്രമിക്കുന്നതും മൂലം വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ പെടാതെ അപകടങ്ങളുണ്ടാകുന്നതും പതിവാണ്.
വഴിയോര കടകളിലും മറ്റും ഇവ വലിയ ബുദ്ധുമുട്ടുകളുണ്ടാക്കുന്നു. തൂക്കിയിട്ട പഴക്കുലകള്‍ ഒറ്റ കടിക്ക് ഒന്നാകെ എടുക്കുന്ന അവസ്ഥയാണെന്ന് സൗത്ത് ബസാറിലെ ഒരു വ്യാപാരി കേരളകൗമുദിയോട് പറഞ്ഞു. സ്ഥാപനങ്ങളുടെ മുന്നില്‍ ഇവ തമ്ബടിക്കുന്നത് കാരണം ജനം സ്ഥാപനങ്ങളിലേക്ക് കയറാൻ വിമുഖത കാട്ടുന്ന സ്ഥിതിയുമുണ്ട്. കച്ചവടക്കാരും യാത്രക്കാരുമെല്ലാം കന്നുകാലികളെ കൊണ്ട് വലയുമ്ബോള്‍ കോർപ്പറേഷൻ ഇത് കണ്ട ഭാവം നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇടവേളയ്ക്ക് ശേഷം വീണ്ടും
കാലങ്ങളായി കണ്ണൂർ നഗരം കന്നുകാലികളെ ഉടമസ്ഥർ അഴിച്ചുവിടുന്നതിന്റെ ദുരിതം പേറുന്നുണ്ട്. സമീപകാലത്തായി അല്പംകുറവുണ്ടായെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും നഗരം അലഞ്ഞുനടക്കുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടുന്ന സ്ഥിതിയാണ്. കോർപ്പറേഷന്റെ നേതൃത്വത്തില്‍ തെരുവുകളില്‍ അലയുന്ന കന്നുകാലികളെ പിടികൂടുന്നത് അവസാനിപ്പിച്ചതാണ് ഇതിന് കാരണം. ഇവയെ പിടികൂടുന്നതും പാർപ്പിക്കുന്നതും ബുദ്ധിമുട്ടായതാണ് കോർപറേഷൻ നടപടി നിർത്താനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ലേലം കൊള്ളാനും ആളില്ല
മാസങ്ങള്‍ക്ക് മുന്നേ കോർപ്പറേഷൻ 20 നാല്‍ക്കാലികളെ പിടികൂടി പാറക്കണ്ടിയിലുള്ള കാറ്റില്‍ പൗണ്ടില്‍ പാർപ്പിച്ച് ഉടസ്ഥരെത്താത്തതിനെ തുടർന്ന് ലേലം ചെയ്തിരുന്നു. എന്നാല്‍ ഉയർന്ന വിലകാരണം ആദ്യം ലേലത്തില്‍ ഇവ വിറ്റുപോയിരുന്നില്ല. ലേലതുക കുറച്ചതോടെ കുറച്ചെണ്ണം വിറ്റു പോയെങ്കിലും ബാക്കിയായവയെ പാലക്കാടേക്ക് കൊണ്ടു പോയി. ഇതാണ് പശുക്കളെ പിടികൂടുന്നത് കോർപ്പറേഷൻ അവസാനിപ്പിച്ചതിന് പിന്നില്‍. അലഞ്ഞു തിരിയുന്ന നാല്‍ക്കാലികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാവികസനസമിതി യോഗത്തില്‍ അധികൃതർ നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെ പിടികൂടാനുള്ള ആള്‍ക്കാരെ കിട്ടാനില്ലെന്നതാണ് പ്രശ്നം. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം കേർപറേഷനില്‍ നിന്നുണ്ടാകുമെന്ന് ഡെപ്യൂട്ടി മേയർ പി ഇന്ദിര അറിയിച്ചു.