കണ്ണൂര്‍: ഹൈലാന്റ് മുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. മോഷണം നടന്നതിന്റെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്.
ശനിയാഴ്ച രാത്രി ഒന്‍പതിനും ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ എസ്എന്‍ പാര്‍ക്കിനടുത്തുള്ള ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരമാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്.
ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്ന് ക്ഷേത്രം ഭാരവാഹിയായ രാഹുല്‍ കുനിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.