Zygo-Ad

പയ്യന്നൂർ സ്വദേശി പണിത ശില്പം പൂർത്തിയായി:ഗുരുവായൂര്‍ മഞ്ജുളാല്‍ത്തറയില്‍ ഗരുഡൻ ചിറക് വിരിച്ചു


 ഗുരുവായൂർ: ഗുരുവായൂരിന്‍റെ മുഖമുദ്രയായി മഞ്ജുളാല്‍ത്തറയില്‍ ഇനി പുതിയ ഗരുഡ ശില്പം ഭക്തരെ വരവേല്‍ക്കും. 5200 കിലോ ഭാരവും 20 അടി നീളവും എട്ട് അടി ഉയരവും ഉള്ള ശില് പം വെങ്കലത്തിലാണ് നിർമിച്ചിട്ടുള്ളത്. കണ്ണൂർ പയ്യന്നൂർ സ്വദേശി ഉണ്ണി കാനായിയാണ് ശില്പി. 1968 ല്‍ കോയമ്ബത്തൂർ കൃഷ്ണൻ നിർമിച്ച ശില്പം മാറ്റിയാണ് പുതിയതു നിർമിച്ചത്. മഞ്ജുളാല്‍ത്തറയും കരിങ്കല്ലുകൊണ്ട് നവീകരിച്ചിട്ടുണ്ട്.

പറവൂർ സ്വദേശി പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി 1.20 കോടി ചെലവഴിച്ച്‌ വഴിപാടായാണ് ശില്പവും മഞ്ജുളാല്‍ ത്തറയും നവീകരിച്ച്‌ സമർപ്പിച്ചത്. ഗരുഡ ശില്പത്തിന്‍റെ സമർപ്പണം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിച്ചു. തുടർന്നു നടന്ന സമർപ്പണ സമ്മേളനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ദേവസ്വം ഭരണസമിതി അംഗം സി. മനോജ് അധ്യക്ഷനായി. നഗരസഭ ചെയർമാൻ എം. കൃഷ് ണദാസ് മുഖ്യാതിഥിയായി. ദേവസ്വംഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ,സംവിധായകൻ ഹരിഹരൻ, മുൻചീഫ് സെക്രട്ടറി കെ. ജയകുമാർ, മോഹൻജി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post