Zygo-Ad

കളി ഇങ്ങോട്ടു വേണ്ട..നടുവിൽ പെരുവാറ്റിനിറങ്ങിയ തെയ്യത്തിനു നേരെ കുരച്ചു ചാടി തെരുവു നായ്ക്കള്‍; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യം


നടുവില്‍: പുലർച്ചെ പെരുവാറ്റിനു ഇറങ്ങിയ തെയ്യത്തിനു നേരെ കുരച്ചു ചാടി തെരുവു നായ്ക്കള്‍. ചിലമ്പും അട്ടഹാസവുമായി നേരിട്ട് തെയ്യവും.

നടുവില്‍ ബാലവാടിക്കു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെ നടുവില്‍ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്തു കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി, 

ഐതിഹ്യവുമായി ബന്ധപ്പെട്ട നടുവില്‍ പടിഞ്ഞാറ് ദേശത്തുള്ള ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങള്‍ സന്ദർശിക്കുന്ന ചടങ്ങാണ് പെരുവാറ്റ് പാച്ചില്‍ എന്നറിയപ്പെടുന്നത്.

പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തു നിന്നും അകമ്പടിക്കാരോ, വാദ്യക്കാരോ ഇല്ലാതെ ഒറ്റക്കാണ് തെയ്യം ഇവിടങ്ങളില്‍ എത്തി തിരിച്ചു പോരുന്നത്. 

മുമ്പു കാലങ്ങളില്‍ ആള്‍പ്പെരുമാറ്റമില്ലാത്ത നാട്ടുവഴികളിലൂടെ നേരിയ വെളിച്ചത്തില്‍ വേഗത്തില്‍ പായുകയാണ് പതിവ്. ഇപ്പോള്‍ റോഡുകള്‍ ആയതോടെ വാഹനങ്ങളും കാല്‍നട യാത്രക്കാരുമൊക്കെ തെയ്യത്തിന്റെ യാത്രയ്ക്കിടയില്‍ കടന്നു പോവും. 

കഴിഞ്ഞ ദിവസം പതിവു പോലെ ചുഴലി ഭഗവതി ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തിലേക്ക് പോവുമ്പോഴാണ് മൂന്ന് തെരുവു നായ്ക്കള്‍ അപ്രതീക്ഷിതമായി ചീറിയടുത്തത്. ആലക്കുന്ന് ചാമുണ്ഡി അട്ടഹാസവും ചിലമ്പൊലിയും ഉയർത്തിയതോടെ നായ്ക്കൂട്ടം തിരിഞ്ഞോടി.

 തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വ. എ.പി കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകൻ 19കാരനായ ആദിത്യനാഥാണ് കോലമണിഞ്ഞത്. 

തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആദിത്യനാഥ്. അദ്ധ്യാപികയായ രഞ്ജിനിയാണ് അമ്മ.

Previous Post Next Post