Zygo-Ad

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണം; കണ്ണൂര്‍ കുടുംബ കോടതിയുടെ ഉത്തരവ്


കണ്ണൂർ: മുസ്ലിം നിയമപ്രകാരം ഖുല്‍-അ ചെയ്ത് വിവാഹ ബന്ധം വേർപ്പെടുത്തിയ ഭാര്യ നഷ്ട പരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും വിവാഹ സമയത്ത് ഭർത്താവ് നല്‍കിയ സ്വർണാഭരണങ്ങളോ അല്ലെങ്കില്‍ അതിന്റെ വിലയോ തിരിച്ചു നല്‍കണമെന്നും കണ്ണൂർ കുടുംബ കോടതി ഉത്തരവിട്ടു.

മഹർ ഉള്‍പ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കില്‍ 7,22,212 രൂപയോ നല്‍കണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നല്‍കിയ കേസിലാണ് ജഡ്ജി ആർ.എല്‍. ബൈജു ഉത്തരവിട്ടത്.

 2022 ജൂണ്‍ 17-ന് ആണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്.

വിവാഹ സമയത്ത് ന്യൂസീലൻഡില്‍ ജോലി ചെയ്യുകയായിരുന്നു ഹർജിക്കാരൻ. വിവാഹ ശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസീലൻഡിലേക്ക് കൊണ്ടു പോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ എടുത്ത ശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു.

പിന്നീട് ഖുല്‍-അ നിയമപ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. 

വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് കുടുംബ കോടതിയില്‍ കേസ് നല്‍കിയത്. ഹർജിക്കാരനു വേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജരായി.

Previous Post Next Post