ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വര്‍ധനയുണ്ടായിട്ടുള്ളത്.
15 വര്‍ഷം രജിസ്‌ട്രേഷന്‍കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 400 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍ ഓര്‍ഡിനറി, പുഷ്ബാക്ക്, സ്ലീപ്പര്‍ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയില്‍ കുറവുവന്നിട്ടുണ്ട്.
അഞ്ചുവര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കുക. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും.
മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഏപ്രില്‍ ഒന്നുമുതലുള്ള നികുതി മാര്‍ച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കില്‍ ആ വാഹനത്തില്‍നിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിര്‍ദേശമുണ്ട്.