കണ്ണൂർ :മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യം കൈവരിച്ച് കണ്ണൂർ ജില്ല. 2024 ഒക്ടോബർ രണ്ടുമുതൽ സംസ്ഥാനത്ത് ആരംഭിച്ച ക്യാമ്പയിനിൽ എല്ലാ വിഭാഗം ജനവിഭാഗങ്ങളും സ്ഥാപനങ്ങളും കൂട്ടായ്മകളും കൈകോർത്തതോടെ വൻ വിജയമായി പൂർത്തിയാക്കി. അയൽക്കൂട്ടങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, പട്ടണങ്ങൾ, ഇടങ്ങൾ, സ്ഥാപനങ്ങൾ എന്നീ മേഖലകളെല്ലാം മാലിന്യമുക്ത കേന്ദ്രങ്ങളെന്ന ലക്ഷ്യം കൈവരിച്ചു. ജില്ലയിലെ 1474 വിദ്യാലയങ്ങളും 20244 അയൽക്കൂട്ടങ്ങളും ഹരിത പദവി നേടി. ജില്ലയിലെ 131 കലാലയങ്ങളും ഹരിതകലാലയ പദവി കൈവരിച്ചു.
മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും സുസ്ഥിര സംവിധാനങ്ങൾ ഒരുക്കി മാലിന്യങ്ങൾ
വലിച്ചെറിയുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വിജയം കൈവരിച്ച പട്ടണങ്ങളെയാണ് ഹരിത പട്ടണങ്ങളായി പ്രഖ്യാപിച്ചത്. ഇത്തരത്തിൽ ജില്ല യിലെ 369 പട്ടണങ്ങളിൽ 343 പട്ടണങ്ങളും ഇതിനകം ഹരിത പട്ടണങ്ങളായി പ്രഖ്യാപിച്ചു . 279 പൊതു ഇടങ്ങളിൽ 268 ഇടങ്ങൾ ഹരിത ഇടങ്ങളായി. ബസ് സ്റ്റോപ്പുകൾ, മൈതാനങ്ങൾ, പൊതുജനം സമ്മേളിക്കുന്ന മറ്റിടങ്ങൾ എന്നിവയെല്ലാം ഹരിത ഇടങ്ങളായി. ജില്ലയിലെ 3168 സ്ഥാപനങ്ങളിൽ 3037 സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി മാറി.
34 ടൂറിസം കേന്ദ്രങ്ങളിൽ 74 ശതമാനവും ഹരിത ടൂറിസം കേന്ദ്രങ്ങളായി. ഹരിത ശുചിത്വ പഞ്ചായത്തുകളുടെ പ്രഖ്യാപനത്തിൻ്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ബ്ലോക്ക് തല പ്രഖ്യാപനങ്ങളും അഞ്ചിന് ജില്ലാതല പ്രഖ്യാപനവും നടത്തും.