കണ്ണൂർ: കാടാച്ചിറ കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയിൽ. കടമ്പൂർ സ്വദേശിയായ 95 കാരിയുടെ വീട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്.
നേരത്തെ രാജപ്പൻ ആണ് പ്രതി എന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടുവാനായി ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു.
തുടർന്ന് എടക്കാട് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജു എം.വി, പ്രിൻസിപ്പൽ എസ്.ഐ.ദിജേഷ്, സബ് ഇൻസ്‌പെക്ടർ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. നേരത്തെ 30 ൽ പരം കളവു കേസുകളിൽ പ്രതിയാണ്.