കണ്ണൂർ : കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മൂന്നര വയസ്സുകാരനായ മകന് അങ്കണവാടിയിൽ വെച്ച് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയിരുന്നതായി രക്ഷിതാക്കൾ പറയുന്നു.
അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് പരിക്കേറ്റത് വീട്ടിൽ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചു.
പരുക്ക് ഗുരുതരമാണെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അങ്കണവാടി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.