പയ്യന്നൂർ: കണ്ണൂരില്‍ ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തെന്ന പരാതിയുമായി സഹോദരൻ സിയാദ് രംഗത്തെത്തി.
പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കാട്ടി ഇമെയില്‍ വഴിയാണ് സിയാദ് പൊലിസില്‍ പരാതി നല്‍കിയത്.
എന്നാല്‍ പരാതിക്കാരനായ സിയാദിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ലെന്ന് പയ്യന്നൂർ പൊലിസ് അറിയിച്ചു.
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സഹോദരന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
യാത്രാവേളയില്‍ ഷിംജിത ബസ് ജീവനക്കാരോടോ മറ്റ് യാത്രക്കാരോടോ പരാതി പറഞ്ഞിട്ടില്ല. ബസില്‍ നിന്ന് സാധാരണ രീതിയിലാണ് ഇവർ ഇറങ്ങിപ്പോയത്.
മുൻ പഞ്ചായത്ത് മെംബറും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയുമുള്ള ഷിംജിതയ്ക്ക് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. എന്നിട്ടും വടകരയിലോ പയ്യന്നൂരിലോ പരാതി നല്‍കാൻ അവർ തയ്യാറായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉണ്ടായ മനോവിഷമത്തിലാണ് ദീപക് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്.
തന്റെ മാതാപിതാക്കളോ ബന്ധുക്കളോ ഈ വീഡിയോ കണ്ടാല്‍ തന്നെ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കുമെന്ന് ദീപക് ഭയപ്പെട്ടിരുന്നതായി പൊലിസ് പറയുന്നു. സംഭവ സമയത്ത് വടകര പൊലിസില്‍ വിവരം അറിയിച്ചിരുന്നു എന്നാണ് ഷിംജിത ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞു.
സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലിസ് റിമാൻഡ് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടിരുന്നു.
മരിച്ച ദീപക് ലൈംഗിക വൈകൃതമുള്ളയാളാണെന്ന് വരുത്തിത്തീർക്കും വിധം ആസൂത്രിതമായാണ് വീഡിയോകള്‍ ചിത്രീകരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാന കണ്ടെത്തലുകള്‍
ഷിംജിതയുടെ ഫോണില്‍ നിന്ന് ദീപക്കിനെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ഏഴ് വീഡിയോകള്‍ പൊലിസ് കണ്ടെടുത്തു.
എന്നാല്‍ ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദീപക്കിന്റെ ഭാഗത്തു നിന്ന് അസ്വാഭാവികമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ദീപക്കിനെ അപമാനിച്ചതല്ലാതെ, ഷിംജിത പൊലിസിലോ ബസ് ജീവനക്കാർക്കോ യാതൊരു പരാതിയും നല്‍കിയിരുന്നില്ല. ബസില്‍ നിന്ന് വളരെ സാധാരണ നിലയിലാണ് ഇവർ ഇറങ്ങിപ്പോയതെന്നും റിപ്പോർട്ടില്‍ പറയുന്നു.
തന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ വീഡിയോ കണ്ടാല്‍ തന്നെ ഒരു ലൈംഗിക വൈകൃതമുള്ളവനായി മുദ്രകുത്തുമെന്ന കടുത്ത മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്.
വടകര ചോറോട് സ്വദേശിനിയായ ഷിംജിതയെ (35) ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മെഡിക്കല്‍ കോളജ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഒളിവില്‍ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് മഫ്തിയിലെത്തിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവില്‍ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയുള്ളത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവർത്തിക്കാൻ കാരണമാകുമെന്നും പൊലിസ് കോടതിയെ അറിയിച്ചു.
