കണ്ണൂർ: തോട്ടടയിൽ ബൈക്ക് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ എസ്.എൻ കോളജിലെ ബി.എസ്.സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രൻ (21) ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. അഖിലേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായിരുന്ന വിദ്യാർത്ഥിയുടെ വേർപാട് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
