കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യൻകല്ലിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
എയ്യൻകല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച് വൈകീട്ട് 3.30 ഓടെയാണ് ദുരന്തവാർത്ത നാട്ടുകാരറിഞ്ഞത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയിരുന്ന ഇവരുടെ മക്കളിലൊരാൾ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലേ ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കുമൊക്കും പോകാറുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ജീവനൊടുക്കാൻ തക്ക കുടുംബപ്രശ്നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവർ മക്കളാണ്.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്‌ടർ ടി പി ദിനേശ്, എസ്ഐ രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.