കണ്ണൂർ :യാത്രക്കാരുടെ സൗകര്യത്തിനായി കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ എസ്കലേറ്റർ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നു നൽകും. എസ്‌കലേറ്റർ സ്റ്റേഷനിലെത്തിച്ചു. തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കേ കവാടത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരേസമയം ഏഴു പേർക്ക് മാത്രം കയറാനാകുന്ന ലിഫ്റ്റും എസ്‌കലേറ്റർ സൗകര്യവുമുണ്ട്.
മേൽപാല നടപ്പാതയിൽനിന്ന് ഇറങ്ങാനുള്ള സൗകര്യത്തിന് വേണ്ടിയാണ് പുതിയ എസ്കലേറ്റർ സ്ഥാപിക്കുന്നത്. ഒന്നിന് പുറമെ നാലാം പ്ലാറ്റ്ഫോമിലും എസ്കലേറ്റർ സൗകര്യം വരുന്നതോടെ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ലഗേജുമായി വരുന്നവർക്കും ഏറെ ആശ്വാസമാകും. കിഴക്കേ കവാടത്തിലും എസ്‌കലേറ്റർ വരുന്നതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച എസ്കലേറ്ററുടെ എണ്ണം നാലാവും.
ഒന്ന്, നാല് പ്ലാറ്റ്ഫോമുകളിൽ എസ്കലേറ്ററും രണ്ടിലും മൂന്നിലും ലിഫ്റ്റ് സൗകര്യവും ഒരുക്കിയെങ്കിലും ഇടുങ്ങിയ മേൽപാല നടപ്പാത വീതികൂട്ടണമെന്ന ആവശ്യം ശക്തമാണ്. ഒന്നിലേറെ ട്രെയിനുകൾ ഒരേസമയത്തെത്തിയാൽ നടപ്പാതയിൽ സൂചി കുത്താനിടമില്ലാത്ത സ്ഥിതിയാണ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ റെയിൽവേ സ്റ്റേഷനി ൽ 31.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്.
പുതിയ നടപ്പാലം, റെയിൽവേ സ്റ്റേഷൻ പരിസരത്തു കൂടുതൽ പാർക്കിങ് സൗകര്യം, കിഴക്കേ കവാടത്തിൽ പുതിയ ബുക്കിങ് ഓഫിസ് ഉൾപ്പെടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയുടെ പ്രവൃത്തിയായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നത്. ഇതുകൂടി പൂർത്തിയായാൽ കണ്ണൂർ റെയിൽവേ സ്റ്റഷനിലെത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.