Zygo-Ad

‘നാടിന്റെ ഐക്യത്തിന്റെ മുഖം എന്റെ ഐഡന്റിറ്റിയുടെ മുഖമാണ്, അതിന്മേൽ ആഞ്ഞുവെട്ടാനാണ് സിപിഐഎം ശ്രമിച്ചത്’: ഷാഫി പറമ്പിൽ.

കണ്ണൂർ : കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് ഷാഫി പറമ്പില്‍. നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു. നാടിന്റെ ഐക്യത്തിന്റെ മുഖം തന്റെ ഐഡന്റിറ്റിയുടെ മുഖമാണ്. ആ ഐക്യത്തിന് മേല്‍ ആഞ്ഞു വെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. പ്രതികള്‍ ആരാണെന്ന് പൊലീസിനും സിപിഐഎമ്മിനും അറിയാം. അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്തിനാണ്.

വര്‍ഗീയ വാദി എന്ന ചാപ്പ തന്റെ മേലില്‍ വീഴില്ല. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ സിപിഐഎം വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയല്‍.

കേസില്‍ പൊലീസ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എംഎല്‍എക്കെതിരെ എന്താണ് പൊലീസ് കേസെടുക്കാത്തത്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഊര്‍ജ്ജസ്വലമായ സ്ഥാനാര്‍ത്ഥി വരണം. തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ പറയുമെന്നും ഷാഫി പറഞ്ഞു.

ടി പിയുടെ മുഖത്ത് വെട്ടിയ വെട്ടുപോലെ തന്നെയാണ് ഇതും. ആ വ്യാജ വെട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. മുന്‍ എംഎല്‍എ കെ കെ ലതിക തന്നെ ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സിപിഐഎം പ്രവര്‍ത്തകരോട് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണമെന്നും ഷാഫി പറഞ്ഞു.

Previous Post Next Post