Zygo-Ad

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി.

കണ്ണൂർ : കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയും അനുവദിച്ചു.

റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ നാല് റോഡുകള്‍ക്കും മൂന്നു ടൗണുകളുടെ നവീകരണത്തിനും ഒരു കെട്ടിടത്തിനുമായാണ് 19.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.

പേരാവൂര്‍ മണ്ഡലത്തിലെ കാര്‍കോട്ടക്കരി-ഈന്തുങ്കരി-അങ്ങാടിക്കടവ്-വാണിയപ്പാറ-രണ്ടാംകടവ് റോഡിനു രണ്ടു കോടിയും തെറ്റുവഴി-മണത്തണ റോഡിനു മൂന്നു കോടിയും ഇരിക്കൂര്‍ മണ്ഡലത്തിലെ ഇരിട്ടി-ഉളിക്കല്‍-മാട്ടറ-കാലാങ്കി റോഡിനു നാല് കോടിയും മട്ടന്നൂര്‍ മണ്ഡലത്തിലെ ആയിത്തറ – ഗോശാല റോഡിനു നാല് കോടിയും അനുവദിച്ചു.മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാട് ടൗണ്‍ നവീകരണത്തിന് രണ്ടു കോടിയും കണ്ണൂര്‍ മണ്ഡലത്തിലെ ചമ്പാട് ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിനു 50 ലക്ഷവും ധര്‍മടം മണ്ഡലത്തിലെ മൗവ്വേരി ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിനു 50 ലക്ഷവും അനുവദിച്ചു. കണ്ണൂര്‍ മണ്ഡലത്തിലെ ചക്കരക്കല്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് 3.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Previous Post Next Post