കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ടി.പി കേസിലെ പ്രതികൾക്ക് ഇളവുണ്ടാവില്ല. ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാം. അന്വേഷണം നടത്തി ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ജയിൽ വകുപ്പ് മേധാവി അറിയിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം നടന്നിരുന്നു. 20 വർഷം വരെ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെയാണ് മോചിപ്പിക്കാൻ ശ്രമം നടന്നത്. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം നടത്തിയത്. ഇതുസംബന്ധിച്ച് ശിക്ഷയിളവിൽ പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായി.