കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് തിങ്കളാഴ്ച്ച കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജന പ്രവാഹത്തിൽ ഇടയ്ക്കിടെ തിരുവൻ ചിറ നിറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിയ ടൂറിസ്റ്റ് ബസ്സുകൾ അടക്കം ചെറുതും വലുതുമായ വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹത്തിൽ കൊട്ടിയൂർ വീർപ്പുമുട്ടി. ഇത്തവണ തിരക്ക് കണക്കിലെടുത്ത് പാർക്കിംങ്ങിന് വിപുലമായ സൗകര്യമൊരുക്കിയിരുന്നു. അതിനാൽ തന്നെ മുൻ വർഷങ്ങളെപ്പോലെ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.
മഴമാറിനിന്നതോടെ ശക്തമായ വെയിലും ചൂടും അനുഭവപ്പെട്ടതും ഇതിനെ വകവെക്കാതെയുള്ള ഭക്തജന പ്രവാഹവും ദേവസ്വം വളണ്ടിയർമാരെയും പോലീസിനേയും ഏറെ പ്രയാസപ്പെടുത്തി. എന്നാൽ അക്കരെ സന്നിധാനത്ത് കുടിവെള്ളവും അന്നദാനവും ചുക്കുകാപ്പി വിതരണവുമുൾപ്പെടെയുള്ള സംവിധാനം ഒരുക്കിയത് ഭക്തർക്ക് അനുഗ്രഹമായി. ഉച്ച കഴിഞ്ഞ് മുന്നുമണിയോടെയാണ് തിരക്കിന് നേരിയ ശനമന മുണ്ടായത്.