മുഴപ്പിലങ്ങാട് : വേനല്‍മഴക്കുശേഷം കാലവർഷം തുടങ്ങാനിരിക്കെ മുഴപ്പിലങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിലെ താമരക്കുളം ഭാഗത്ത് താമസിക്കുന്ന 25ഓളം കുടുംബങ്ങള്‍ മഴപ്പേടിയില്‍ കഴിയുകയാണ്.
വർഷങ്ങളായി പ്രദേശവാസികള്‍ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ഓവുചാല്‍ നിർമാണത്തിലെ അപാകത കാരണം രണ്ടുവർഷമായി മഴ കനക്കും മുന്നേ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട് വീടിനകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്.
ഇത് മൂലം പല കുടുംബങ്ങളും വീടുവിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയാണ് പതിവ്. കഴിഞ്ഞവർഷം വലിയ തോതില്‍ വെള്ളം കയറിയതിനെ തുടർന്ന് തോണി ഇറക്കിയാണ് ആളുകളെ ഒഴിപ്പിച്ചത്. താമരക്കുളം, മലക്കുതാഴെ റോഡില്‍നിന്ന് ഉസ്സൻ മുക്ക് വഴി മാരാൻകണ്ടിത്തോടിലേക്ക് പോകുന്ന ഓവുചാല്‍ ദേശീയപാതയുടെ പുതിയ നിർമാണം നടക്കുന്ന ഘട്ടത്തില്‍ തടയപ്പെട്ടതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്.
പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്തുതലത്തില്‍ നടപടി സ്വീകരിച്ചതിന്‍റെ ഭാഗമായി എടക്കാട് പൊലീസ് സ്‌റ്റേഷൻ മുതല്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് പിറകിലൂടെ പോകുന്ന മാരാൻകണ്ടിത്തോടുവരെ ഒന്നര മീറ്റർ ആഴത്തിലും രണ്ടര മീറ്റർ വീതിയിലും താല്‍ക്കാലിക ചാല്‍ നിർമിച്ചിരിക്കുകയാണ്.
വെള്ളമൊഴുകിപ്പോകുന്നതിന് തടസ്സമായ എടക്കാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന രണ്ട് റോഡുകള്‍ക്കടിയിലൂടെ വലിയ കോണ്‍ക്രീറ്റ് പൈപ്പുകളാണ് ഇതിന് വേണ്ടി ഇട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ ഒരുപരിധിവരെ വെള്ളക്കെട്ട് തടഞ്ഞുനിർത്താൻ സഹായിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.