കൊട്ടിയൂർ :മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവത്തില്‍ പങ്കെടുത്ത് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹം വാങ്ങാൻ നിരവധി ഭക്ത ജനങ്ങളാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.
എന്നാല്‍ ഈ വരുന്ന പലർക്കും അറിയാത്തൊരു ചരിത്രം കൂടിയുണ്ട് കൊട്ടിയൂരിന്, ഇന്ന് കാണുന്ന ദക്ഷയാഗ ഭൂമി എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇടത്തുനിന്നും വീണ്ടും പുനരുജ്ജീവിപ്പിച്ചു കൊണ്ടുവന്ന ഒരു മഹത് വ്യക്തിയെ കൂടി കൊട്ടിയൂർ സന്ദർശനത്തില്‍ നാം ഓർക്കണം.
നൂറു കൊല്ലം മുമ്പ് മലയാള വർഷം 1098 (1923) കർക്കിടക മാസം പന്ത്രണ്ടാം തീയ്യതി തൃക്കലശാട്ട് കഴിഞ്ഞ് നാല്ലത്തി ഒന്നാം നാള്‍ .ഒറ്റപ്ലാവ് മലയില്‍ ഉരുള്‍പൊട്ടി ആ മണ്ണ് മുഴുവനായും കൊട്ടിയൂർ യാഗഭൂമിയിയില്‍ പതിച്ചു .അക്കരെ കൊട്ടിയൂർ മുഴുവനായും മണ്ണിനടിയില്‍. അക്കാലത്ത് കൊട്ടിയൂരില്‍ ഇക്കരെ ക്ഷേത്രവും ക്ഷേത്രത്തിലെ കഴകക്കാരായ നാലഞ്ച് പേരും കുറച്ച് കുറിച്യ സമുദായക്കാരും മാത്രമായിരുന്ന താമസം. ക്ഷേത്ര ഊരാളന്മാരും മറ്റ് അടിയന്തിരക്കാരുമായിട്ടുള്ള ആളുകള്‍ പത്ത് നാഴിക ( 15 കി.മി) പടഞ്ഞാറ് മണത്തണ ഗ്രാമത്തിലാണ് താമസം.കൊട്ടിയൂർ മുതല്‍ മണത്തണവരെ ജനവാസമില്ല. ഘോര വനപ്രദേശമാണ്. ഉരുള്‍പൊട്ടിയത് ഉച്ചയോടു കൂടിയ നേരത്തായിരുന്നു.
മണത്തണ നാട് ഈ വിവരമറിഞ്ഞതാകട്ടെ രാത്രിയും. അക്കാലത്ത് മണത്തണയില്‍ പ്രായപൂർത്തിയായ പുരുഷന്മാർ കുറച്ച് പേർ മാത്രമേയുള്ളൂ. വാഹന സൗകര്യമില്ല, യന്ത്രങ്ങളില്ല, വൈദ്യുതി ഇല്ല , റോഡില്ല, രാത്രി തന്നെ അന്നത്തെ കൊട്ടിയൂർ ക്ഷേത്ര ഊരാള പ്രധാനിയായ കരിമ്പനക്കല്‍ വലിയ ഗോവിന്ദൻ നായരച്ഛൻ്റെ നേതൃത്വത്തില്‍ ആളുകള്‍ കൊട്ടിയൂരില്‍ എത്തി.നേരം പുലർന്നു നോക്കിയപ്പോള്‍ അക്കരെ പ്രദേശം മുഴുവൻ ചളി നിറഞ്ഞു നില്ക്കുന്നു. ബാവലി ദിശമാറി ഒഴുകുന്നു, ആർക്കും ഒന്നും ചെയ്യുവാൻ സാധിക്കാത്ത അവസ്ഥ. ദുഖേന എല്ലാവരും മണത്തണയിലേക്ക് തിരിച്ചു പോന്നു. യാഗഭൂമി ഇല്ലാതായി എന്നെല്ലാവരും മനസ്സിലുറപ്പിച്ചു . സങ്കടത്തോടെ ഒന്നും ചെയ്യാനാകാതെ സംഘം തിരിച്ചുപോന്നു.
ദേവസ്ഥാനം വീണ്ടെടുക്കണമെന്ന വലിയ ഗോവിന്ദൻനായരുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ തടസ്സങ്ങളെല്ലാം വഴിമാറി. പിന്നീട് വലിയ സംഘവുമായെത്തി മണ്ണ് നീക്കിത്തുടങ്ങി. ആറുമാസത്തെ കഠിനാധ്വാനത്തില്‍ ദേവസ്ഥാനം തെളിഞ്ഞു കണ്ടുതുടങ്ങി.പണിയ, കുറിച്യ സമുദായക്കാരും ഊരാളൻമാരുടെ കുടുംബക്കാരും മണത്തണ നിവാസികളുമെല്ലാം ക്ഷേത്രം വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി.
കൊട്ടിയൂർ ദേവസ്ഥാനം ഉരുള്‍പൊട്ടലില്‍ നശിച്ച വിവരമറിഞ്ഞ് തലശ്ശേരി, കൂത്തുപറമ്പ് , വടകര, പാനൂർ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ആളുകള്‍ കാല്‍നടയായി എത്തിത്തുടങ്ങി. നൂറുകണക്കിനാളുകളുടെ ആറുമാസത്തെ കഠിനാധ്വാനം കൊണ്ടാണ് യാഗഭൂമി വീണ്ടെടുത്തത്.
മണത്തണ കുളങ്ങരത്ത് രാമൻ നായരുടെ നേതൃത്വത്തിലാണ് ആദ്യ സംഘം മണ്ണ് നീക്കാനെത്തിയത്.കൊട്ടിയൂർ പാരമ്പര്യ ഊരാളനും ക്ഷേത്രം ഏറ്റെടുക്കാൻ നേതൃത്വം നല്‍കിയതുമായ കരിമ്പനക്കല്‍ ഗോവിന്ദൻനായർ 1993- ല്‍ അന്തരിച്ചു. ഈ യാഗഭൂമിയെ ഇദ്ദേഹം രണ്ടു പ്രാവശ്യമാണ് തിരികെ കൊണ്ടുവന്നത്. ഒന്ന് ഈ പ്രകൃതി ദുരന്തത്തില്‍ നിന്നാണെങ്കില്‍ ആദ്യത്തേത് 1867 ലെ പ്രിവ്യു കൗണ്‍സില്‍ കേസ് വിധി പ്രകാരം ഊരാളന്മാർക്ക് തിരിച്ചുകിട്ടിയ ഭരണാധികാരം. കോടതി മുഖേന നടപ്പില്‍ വരുത്തിയായിരുന്നു. ഈ രണ്ടു കാര്യങ്ങളുടെയും ചുമതലയും സാമ്പത്തിക ചെലവും നിർവഹിച്ചതും ഗോവിന്ദൻ നായർ തന്നെയായിരുന്നു. മണത്തണ ചപ്പാരം ക്ഷേത്രം പുതുക്കി പണിതതും പുഴക്കല്‍ മoപ്പുര മുത്തപ്പൻ ദേവസ്ഥാനം നിർമ്മിച്ചതും ഇദ്ദേഹമാണ്