Zygo-Ad

ലോക്സഭയിലെ പ്രതിഷേധം: സംഭവത്തിൽ ഉൾപ്പെട്ട നാലുപേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.

ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. യുവതി ഉൾപ്പടെ സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നത്.
പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ്. സാഗർ ശർമ ബെംഗളൂരു സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ച നീലം ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. മറ്റൊരാൾ അമോൽ ഷിൻഡെയാണ്. കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ഡല്‍ഹി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ഡല്‍ഹി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്ക്വാഡും ചോദ്യംചെയ്യലിൽ പങ്കെടുക്കുന്നു. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.
ലോക്സഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാഗർ ശർമ്മയെന്ന പേരും കർണാടക സ്വദേശിയെന്നുമാണ്. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹയുടെ ഒപ്പാണ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നൽകിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂർ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
ഇതിനിടെ നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈൽ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് ഇരുവരുടെയും മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കിയിട്ടുണ്ട്.
പാർലമെന്‍റിൽ സുരക്ഷാ വീഴ്ചയുണ്ടായതെങ്ങനെ? പ്രതിഷേധക്കാർ സ്പ്രേയുമായി അകത്ത് കടന്നതങ്ങനെ? ശരീര പരിശോധനയിൽ വീഴ്ച പറ്റിയോ? ഷൂ ഉൾപ്പെടെ പരിശോധിച്ചില്ലേ? എംപിയുടെ പാസ് കിട്ടിയത് എങ്ങനെ? സുരക്ഷാ പരിശോധനയിൽ വീഴ്ച പറ്റിയോ? തുടങ്ങി ആശങ്ക ഉയർത്തുന്ന നിരവധി ചോദ്യങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്സഭ നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കർ സാഹചര്യം സഭയിൽ വിശദീകരിച്ചത്. എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കുന്നതിൽ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു. ഓരോ എംപിമാർക്കും നിർദേശം നൽകാമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതിനിടെ വിഷയം ചർച്ച ചെയ്യാൻ നാലുമണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.ആശങ്കയുണ്ടാക്കുന്ന സംഭവമെന്നായിരുന്നു വിഷയത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രമുഖര്‍ സഭയില്‍ ഉള്ളപ്പോഴായിരുന്നു സംഭവമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി. എംപിമാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭീതിയുടെ നിമിഷങ്ങളെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. എങ്ങനെ പേടിക്കാതെ സഭയിലിരിക്കണമെന്ന് ചോദ്യവും ഉയർത്തി. വലിയ സുരക്ഷാ വീഴ്ചയെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആരോപിക്കുന്നത്.
ഇതിനിടെ പാര്‍ലമെന്റില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഡല്‍ഹി പൊലീസിലേയും കേന്ദ്ര ഏജന്‍സികളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പാര്‍ലമെൻ്റിൽ എത്തിയിരുന്നു. പാര്‍ലമെന്റിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ പാർലമെൻ്റ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
ശൂന്യവേളയില്‍ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാര്‍ പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരിൽ നിന്ന് നിറമുള്ള സ്‌പ്രേ കാന്‍ പിടികൂടി.

Previous Post Next Post