Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; പോലീസ് നിർദ്ദേശങ്ങൾ പുറത്തിറക്കി

 


കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (13.12.2025) നടക്കാനിരിക്കെ, ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കണ്ണൂർ സിറ്റി പോലീസ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് പോലീസ് നടപടി.

പരീക്ഷാ തയ്യാറെടുപ്പുകളെ ബാധിക്കാത്ത തരത്തിൽ ആഘോഷങ്ങൾ നടത്തണമെന്നും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും പോലീസ് കർശന നിർദ്ദേശം നൽകി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ് പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

 പോലീസ് പുറപ്പെടുവിച്ച പ്രധാന നിയന്ത്രണങ്ങൾ

 * അനുമതി: ബന്ധപ്പെട്ട അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ വിജയാഹ്ലാദ പരിപാടികൾ നടത്താവൂ. നിലവിലുള്ള നിയമ വ്യവസ്ഥകൾ പാലിക്കണം.

 * ഉത്തരവാദിത്തം: പ്രകടനങ്ങളും പൊതുയോഗങ്ങളും ബന്ധപ്പെട്ട പാർട്ടി/സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം.

 * പ്രകോപനം ഒഴിവാക്കുക: വിജയിച്ച പാർട്ടി പ്രവർത്തകർ മറ്റ് പാർട്ടികളുടെ ഓഫീസുകൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കരുത്. പാർട്ടി ഓഫീസുകൾ, എതിർ സ്ഥാനാർത്ഥികളുടെ/ ഭാരവാഹികളുടെ വീടുകൾ, സ്ഥാപനങ്ങൾ/ സ്വത്തുവകകൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയോ സ്ഫോടക വസ്തുക്കൾ എറിയുകയോ ചെയ്യരുത്.

 * ശബ്ദ നിയന്ത്രണം: അനുവദനീയമായ ശബ്ദം മാത്രമേ ഉപയോഗിക്കാവൂ. നാസിക്ക് ഡോൾ പോലുള്ള മാരക ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഉപകരണങ്ങൾ പ്രകടനങ്ങളിൽ ഉപയോഗിക്കരുത്.

 * സുരക്ഷാ മാനദണ്ഡങ്ങൾ: ലോറികളിലും മറ്റും ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ, അപകടകരമായ രീതിയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം.

 * വെടിക്കെട്ട്: ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പടക്കങ്ങൾ, വെടിമരുന്നുകൾ എന്നിവ ഉപയോഗിക്കരുത്.

 * വാഹന അഭ്യാസങ്ങൾ: പൊതുനിരത്തിൽ ബൈക്കുകളിലോ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലോ അഭ്യാസ പ്രകടനങ്ങൾ നടത്തരുത്.

 * ഗതാഗത തടസ്സം: വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്താൻ പാടില്ല.

 * സോഷ്യൽ മീഡിയ: സമാധാന ലംഘനത്തിന് കാരണമാകുന്നതോ, വ്യക്തികളെ, സംഘടനകളെ, വിശ്വാസങ്ങളെ എന്നിവയെ അപമാനിക്കുന്നതോ ആയ പ്രസ്താവനകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. സമാധാനം നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു 


  

Previous Post Next Post