കണ്ണൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസുകൾ മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് ഹിയറിങ് നടത്തി. ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ നേതാക്കളും ഉടമകളും തൊഴിലാളികളും ഹിയറിങ്ങിൽ പങ്കെടുത്ത് തങ്ങളുടെ പരാതികൾ അധികൃതരെ അറിയിച്ചു.
പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ വനിതാ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് പൂർണ്ണമായും അകന്നതായും, കുട്ടികൾക്കുള്ള ഡിജിറ്റൽ പാസ് സംവിധാനം നടപ്പിലായതോടെ വിദ്യാർഥികളും സ്വകാര്യ ബസുകളെ ആശ്രയിക്കാതായെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. പ്രിയദർശിനി പദ്ധതിക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും, എല്ലാ വിഭാഗം സ്ത്രീകളെയും ഇതിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കണമെന്നും യോഗത്തിൽ പ്രധാന ആവശ്യമുയർന്നു. പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടവും സാമൂഹികാഘാതവും പഠിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
പല റൂട്ടുകളിലും പെർമിറ്റ് ഇല്ലാതെയും പെർമിറ്റ് കാലാവധി കഴിഞ്ഞും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെന്ന് സ്വകാര്യ ബസ് ഉടമകൾ ആരോപിച്ചു. പറശ്ശിനിക്കടവ് പോലെയുള്ള തിരക്കേറിയ റൂട്ടുകളിൽ സന്ദർശകർ കൂടുതലായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ മാത്രം കെഎസ്ആർടിസി സർവീസ് നടത്തുന്നത്, നിത്യേന നഷ്ടത്തിലോടുന്ന സ്വകാര്യ ബസുകൾക്ക് വലിയ തിരിച്ചടിയാണ്. കൂടാതെ, മലയോര മേഖലകളിലടക്കം സ്വകാര്യ ബസുകളുടെ സമയക്രമം മറികടന്ന് തൊട്ടുമുൻപായി കെഎസ്ആർടിസി സർവീസ് നടത്തി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നതായും ഒരേ ബസ് തന്നെ വ്യത്യസ്ത ദിവസങ്ങളിൽ ഒരേ ലക്ഷ്യസ്ഥാനത്തേക്ക് വ്യത്യസ്ത റൂട്ടുകളിൽ ഓടുന്നതായും പരാതി ഉയർന്നു. കെഎസ്ആർടിസി ബസുകളുടെ സമയക്രമം കൃത്യമായി വ്യക്തമാക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
