കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കും നാദാപുരത്ത് ഓട്ടോ ഡ്രൈവർക്കുമാണ് മിന്നലേറ്റത്.
കൊയിലാണ്ടിയിൽ വീടുകളിൽ വിശ്രമിക്കുന്നതിനിടയാണ് മത്സ്യത്തൊഴിലാളികളായ സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നിവർക്ക് ഇടിമിന്നലേറ്റത്. വൈകിട്ട് ഏഴരയോടെയുണ്ടായ ശക്തമായ മിന്നലിൽ ഇവർ ആഘാതത്തെ തുടർന്ന് തെറിച്ചുപോവുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരം കുനിങ്ങാട്ട് കല്ലുള്ളതിൽ സജീവനാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവർ. ഇടിമിന്നലിന്റെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലേറ്റതിന്റെ ആഘാതത്തിൽ ഓട്ടോയുടെ ഗ്ലാസുകൾ തകർന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
