തളിപ്പറമ്പ്: തളിപ്പറമ്പിൽ നിന്നും പട്ടുവത്തേക്കുള്ള സ്വകാര്യ ബസ്സുകൾ രാത്രികാല സർവീസുകൾ നിർത്തിവെച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. കോവിഡ് കാലത്താണ് ഈ റൂട്ടിലെ ബസ്സുകൾ രാത്രികാല ട്രിപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറായിട്ടില്ല.
നിലവിൽ രാത്രി 7.25 വരെ മാത്രമാണ് തളിപ്പറമ്പിൽ നിന്നും പട്ടുവത്തേക്ക് ബസ് സർവീസുള്ളത്. തുടർന്ന് 7.45, 8.00, 8.15, 9.15 എന്നീ സമയങ്ങളിൽ സർവീസ് നടത്തേണ്ട നാലോളം ബസ്സുകളാണ് നിലവിൽ ട്രിപ്പ് മുടക്കിയിരിക്കുന്നത്. ഇതിനാൽ പുളിംപറമ്പ്, വെള്ളിക്കീൽ ജംഗ്ഷൻ, മാധവനഗർ, മംഗലശ്ശേരി റോഡ്, മുറിയാത്തോട്, കാവുങ്കൽ, കുന്നരു, കച്ചേരി, കുഞ്ഞിമതിലകം, പട്ടുവം കടവ്, ഇടമുട്ട്, കവിൻ മുനമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ രാത്രികാല യാത്രക്കാരാണ് ദുരിതം പേറുന്നത്.
ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ഉയർന്ന തുക നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നത് പ്രദേശവാസികൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുണ്ട്. പെർമിറ്റുള്ള ബസ്സുകൾ രാത്രികാല സർവീസ് കൃത്യമായി നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും പരാതി നൽകിയിട്ടുണ്ട്.
