Zygo-Ad

ഭൂമി തരംമാറ്റം അപേക്ഷകളിൽ നടപടികൾ ഊർജ്ജിതമാക്കാൻ കണ്ണൂർ ജില്ലാ കളക്ടറുടെ നിർദേശം

 


കണ്ണൂർ ജില്ലയിലെ ഭൂമി തരംമാറ്റം അപേക്ഷകളിൽ വില്ലേജ് ഓഫീസ് തലം മുതൽ നടപടികൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശം നൽകി. കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന വില്ലേജ് ഓഫീസർമാരുടെ യോഗത്തിലാണ് നിർദേശം ഉയർന്നത്. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ ഭൂമികൾ തരംമാറ്റുന്നതിനായി ലഭിച്ചിരിക്കുന്ന അപേക്ഷകളിൽ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണമെന്നും, ഡിസംബർ മാസം പകുതിയോടെ പരമാവധി അപേക്ഷകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു. കഴിഞ്ഞ നാലു മാസത്തിനകം ജില്ലയിൽ 3500ഓളം ഭൂമി തരംമാറ്റം അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചിട്ടുണ്ട്.

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരിമിതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും യോഗത്തിൽ തീരുമാനമായി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) പ്രവർത്തനങ്ങൾ വീഴ്ചകൂടാതെ നടപ്പിലാക്കാനും പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്കുകൾ സജീവമാക്കാനും നിർദേശമുണ്ട്. ഇതിനായി കലാലയങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം.

ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ ഊർജ്ജിതമാക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, തളിപ്പറമ്പ് ആർഡിഒ എം മോഹനൻ, ഡെപ്യൂട്ടി കളക്ടർമാരായ പി എൻ പുരുഷോത്തമൻ, വി ഇ ഷേർളി, കെ വി ശ്രുതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post