Zygo-Ad

കണ്ണൂർ റെയിൽവേ വികസനം: പ്ലാറ്റ്ഫോം, യാർഡ് പുനർരൂപകൽപ്പന എന്നിവയ്ക്ക് 47 കോടി രൂപയുടെ പദ്ധതിക്ക് അനുമതി


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനും 24 കോച്ചുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈൻ ഉൾപ്പെടെ യാർഡ് പുനർരൂപകൽപ്പന ചെയ്യുന്നതിനുമായി 47 കോടി രൂപയുടെ അനുമതി ലഭിച്ചു. പദ്ധതിയുടെ അടങ്കൽ തയ്യാറാക്കി ഉടൻ കരാർ നൽകും.

കണ്ണൂർ സൗത്ത്, പഴയങ്ങാടി, താനൂർ, മാമന്നൂർ സ്റ്റേഷനുകളിൽ കൂടുതൽ ലൂപ്പ് ലൈനുകൾ നിർമിക്കും. കണ്ണൂർ സൗത്തിൽ 11 കോടി രൂപയുടെ വികസന പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഭാവിയിൽ കണ്ണൂർ സൗത്ത് സ്റ്റേഷനെ കണ്ണൂരിന്റെ സെക്കൻഡ് ടെർമിനലാക്കി മാറ്റാനാണ് നീക്കം.

മഞ്ചേശ്വരം, കാസർകോട് സ്റ്റേഷനുകളിൽ യാർഡ് പുനർരൂപകൽപ്പന ചെയ്യുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷൻ നിർദേശം നൽകിയിട്ടുണ്ട്. ബേക്കൽ ഫോർട്ട് സ്റ്റേഷനെ ബി-ക്ലാസ് ആക്കി ഉയർത്താനും പദ്ധതിയുണ്ട്.

കണ്ണൂരിൽ 650, 620 മീറ്റർ നീളമുള്ള നാല്, അഞ്ച് പ്ലാറ്റ്ഫോമുകളാണ് നിർമിക്കുന്നത്. റോ-റോ സർവീസുകൾക്കും ചരക്ക് നീക്കത്തിനുമായി പ്രത്യേക റാമ്പ് അടക്കമുള്ള ലൈനും ഇവിടെ ഒരുക്കും. ഇതോടൊപ്പം ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായുള്ള പിറ്റ് ലൈൻ സൗകര്യത്തിനുള്ള സാധ്യതകളും റെയിൽവേ എൻജിനീയറിങ് വിഭാഗം പരിശോധിച്ചു വരികയാണ്.

 

Previous Post Next Post