കണ്ണൂർ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി കർശനമാക്കി. 2026 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസത്തിനിടെ ജില്ലയിൽ ആകെ 1,422 പരിശോധനകളാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആകെ 820 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലങ്ങളിൽ 10 എണ്ണം സുരക്ഷിതമല്ലാത്തതാണെന്നും 10 എണ്ണം ഗുണനിലവാരമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുള്ളതോ ആണെന്നും കണ്ടെത്തി.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 29 കേസുകൾ ഫയൽ ചെയ്യുകയും വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിഴയായി 8,99,500 രൂപ ഈടാക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതോടൊപ്പം 160 സ്ഥാപനങ്ങൾക്ക് മറ്റ് നോട്ടീസുകളും നൽകിയിട്ടുണ്ട്.
