Zygo-Ad

ഫോണിൽ ഇൻസ്റ്റാൾ ചെയ്യാത്ത വ്യാജ എം പരിവാഹൻ ആപ്പ്; പട്ടാന്നൂർ സ്വദേശിക്ക് നഷ്ടമായത് 2.79 ലക്ഷം രൂപ

 


കണ്ണൂർ : കണ്ണൂരിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. പട്ടാന്നൂർ സ്വദേശി വി. ബിനുവിന് 2,79,000 രൂപയാണ് നഷ്ടമായത്. രണ്ട് തവണകളായാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്.

പരിശോധനയിൽ ബിനുവിന്റെ മൊബൈൽ ഫോണിൽ എം പരിവാഹൻ എന്ന പേരിലുള്ള വ്യാജ ആപ്പ് കണ്ടെത്തി. എന്നാൽ, താൻ ഇത്തരമൊരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് ബിനു പറയുന്നത്.

ഇൻഷുറൻസ് ഏജന്റായ ബിനുവിന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പണം എത്തിയിരുന്നു. തുടർന്ന് ഫോൺ ചാർജിൽ വെച്ച് കുളിക്കാൻ പോയി. തിരിച്ചെത്തിയപ്പോഴാണ് ഫോണിൽ ലഭിച്ച നോട്ടിഫിക്കേഷനിലൂടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ബാങ്കിൽനിന്ന് സ്റ്റേറ്റ്മെന്റ് എടുത്ത് മട്ടന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും ബിനു പറയുന്നു.

സൈബർ സെല്ലിന്റെയും പൊലീസിന്റെയും ഔദ്യോഗിക ആപ്പായ 'എം കവച് 2' ഇൻസ്റ്റാൾ ചെയ്യുന്നത് അപകടസാധ്യതയുള്ള ആപ്പുകൾ തിരിച്ചറിയാൻ സഹായിക്കുമെന്ന് അധികൃതർ നിർദേശിക്കുന്നു.

Previous Post Next Post