തളിപ്പറമ്പ് (കണ്ണൂർ): ഇ-ചലാൻ ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഫോണിൽ ലഭിച്ച വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 43,516 രൂപ നഷ്ടമായി. പുഷ്പഗിരി കരിക്കൽ ഹൗസിൽ നിബി പോളിനാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ നിബി പോളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 13-നാണ് നിബി പോളിന്റെ ഫോണിലേക്ക് ഇ-ചലാൻ ആപ്പിന്റെ പേരിലുള്ള വ്യാജ ലിങ്ക് ലഭിച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാങ്ങാവുകയും പ്രവർത്തനരഹിതമാവുകയുമായിരുന്നു.
നേരത്തെ 10-ന് രാത്രി ഒരു അജ്ഞാത നമ്പറിൽ നിന്ന് നിബി പോളിന്റെ ഫോൺപേ അക്കൗണ്ടിലേക്ക് ആയിരം രൂപ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺപേ വഴി 13,310 രൂപ 'ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന അക്കൗണ്ടിലേക്കും തുടർന്ന് മറ്റ് ഇടപാടുകളിലൂടെയുമായി ആകെ 43,516 രൂപ നഷ്ടമായത്.
മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചലാൻ എന്ന പേരിൽ വാട്സ്ആപ്പിലേക്കും എസ്.എം.എസായും എത്തുന്ന വ്യാജ എ.പി.കെ (APK) ഫയലുകളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും, ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
E
