Zygo-Ad

പിലാത്തറയിൽ നിന്ന് കാണാതായ മൂന്ന് കുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം; മംഗളൂരുവിലെത്തിയതായി സൂചന, ഗോവയിലേക്ക് കടന്നെന്ന് സംശയം


കണ്ണൂർ: പിലാത്തറയിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പിലാത്തറ സ്വദേശികളായ മുഹമ്മദ് ഷാസിൽ (13), ഷെസിൻ ഷെഫീഖ് (14), ശിവരാജ് (14) എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ ദിവസം രാവിലെ വീടുവിട്ട കുട്ടികൾ മംഗളൂരുവിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പരിയാരം പോലീസിന്റെ പ്രത്യേക സംഘം കർണാടകയിലേക്ക് തിരിച്ചു. മംഗളൂരുവിൽ വെച്ച് ഒരു സ്വദേശിയുടെ ഫോണിൽ നിന്ന് കുട്ടികൾ സ്വന്തം വീടുകളിലേക്ക് വിളിച്ചിരുന്നു. തങ്ങൾ സുഹൃത്തിന്റെ വീട്ടിലാണെന്നും പേടിക്കേണ്ടതില്ലെന്നും വീട്ടുകാരെ അറിയിച്ചെങ്കിലും, പോലീസ് ഈ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് ഫോൺ മംഗളൂരു സ്വദേശിയുടേതാണെന്ന് വ്യക്തമായത്.

യാത്രയ്ക്കിടെ കുട്ടികൾ ഇയാളോട് ഗോവയിലേക്കുള്ള വഴികളെക്കുറിച്ച് ചോദിച്ചറിഞ്ഞതായി വിവരമുണ്ട്. ഇതോടെ കുട്ടികൾ ഗോവയിലേക്ക് കടന്നിരിക്കാമെന്ന സംശയവും ശക്തമായിട്ടുണ്ട്. കുട്ടികൾ മംഗളൂരുവിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോയോ എന്ന് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചുവരികയാണ്.

കാണാതായ കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Previous Post Next Post