കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാത കൈയേറി കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ച് യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻ.എം.ആർ.പി.സി.) നേതൃത്വത്തിലാണ് റെയിൽവേ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധ ധർണ്ണ എൻ.എം.ആർ.പി.സി. ചെയർമാൻ അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ, വി. ദേവദാസ്, കെ.പി. ചന്ദ്രാംഗദൻ, ടി. വിജയൻ, ചന്ദ്രൻ മന്ന, റൈജു ജെയ്സൺ, പ്രകാശൻ കണ്ണാടി വെളിച്ചം, വിജയൻ കൂട്ടിനേഴത്ത്, ജമാൽ സിറ്റി, ശശീന്ദ്രൻ ചാല, ടി. സുരേഷ് കുമാർ, സി.കെ. ജിജു, ഗഫൂർ കാവിൻമൂല, രാജു ചാൾസ്, അസീസ് വടക്കുമ്പാട്, കെ. മോഹനൻ, എം. മനോജ്, രാധാകൃഷ്ണൻ കടൂർ എന്നിവർ സംസാരിച്ചു.
