കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ എംഡിഎംഎയുമായി രണ്ടുപേർ വളപട്ടണം പൊലീസിന്റെ പിടിയിലായി. അഴീക്കോട്, ചിറക്കൽ മേഖലകളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
അഴീക്കോട് സ്വദേശി അനീസ് കെ (31), ചിറക്കൽ സ്വദേശി ഷിജിൽ കെ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വ്യാപകമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. അനീസിൽ നിന്ന് 8.25 ഗ്രാമും ഷിജിലിൽ നിന്ന് 1.3 ഗ്രാമും എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്.
പിടിയിലായവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചിറക്കൽ സ്വദേശി ഷിജിലിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും, അനീസിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും നിലവിലുണ്ട്. ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
