കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം റോഡ് കൈയേറി ഫുട്പാത്ത് നിർമിക്കുന്ന പ്രവൃത്തി അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. നിർത്തിവെപ്പിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിൽ സ്വകാര്യ സ്ഥാപനത്തിനായി പരസ്യബോർഡ് സ്ഥാപിക്കാനും നിലവിലുള്ള ഫുട്പാത്തിന് പകരം റോഡിന്റെ ഭാഗം കൈയേറി പുതിയ ഫുട്പാത്ത് നിർമിക്കാനും നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
റെയിൽവേയിലെ ചില ഉദ്യോഗസ്ഥർ കരാറുകാരെയും സ്വകാര്യ സ്ഥാപനത്തെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.എൽ.എ. ആരോപിച്ചു. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യ കമ്പനിക്ക് സൗകര്യമൊരുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും നിർമിച്ച ഭാഗം അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലുള്ള ഫുട്പാത്തിൽ പരസ്യബോർഡ് സ്ഥാപിച്ച് റോഡിന്റെ വീതി കുറച്ച് വീണ്ടും ഫുട്പാത്ത് നിർമിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാനേ സഹായിക്കൂവെന്നും സ്ഥലം സന്ദർശിച്ച ശേഷം എം.എൽ.എ. പറഞ്ഞു. ജനങ്ങളുടെ സഞ്ചാരാവകാശത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
